മണിമുഴക്കത്തിൽ
കവിതയില്ലായിരുന്നെങ്കിൽ
അതുകേട്ടു നിങ്ങൾ
പ്രാർത്ഥിക്കാൻ വരില്ലായിരുന്നു.
മീൻകൂക്കിയിൽ കവിതയില്ലായിരുന്നെങ്കിൽ
അടുത്ത ദിവസവും
അതേ നേരത്ത്
നിങ്ങളതിനെ കാത്തുനിൽക്കില്ലായിരുന്നു
പൂക്കൾ അതിന്റെ വിരിയലിനെ
നാളേയ്ക്കു മാറ്റിവച്ചേനെ
രാത്രിയിൽ കവിതയില്ലായിരുന്നെങ്കിൽ.
എന്നാൽ
സ്വയം കവിതയായി
ചമഞ്ഞു നിൽക്കാറില്ല അവയൊന്നും
വ്യംഗ്യമോ
ധ്വനിയോ ഇല്ല.
അക്ഷരങ്ങളും കമ്മി.
മണിനാദത്തിലെ കവിത മണിനാദം തന്നെ
ഇരുട്ടിലെ കവിത ഇരുട്ട്
ഒട്ടും അധികമില്ല
കുറവും.